Sunday, June 30, 2013

തുടർക്കാഴ്ച


താളുകൾ കുറച്ചധികം ഒരുമിച്ച് മറിച്ചപ്പോൾ കണ്ണുകൾ ഉടക്കിയത് ഈ വരികളിലായിരുന്നു.
രവിമാമന്
ഇല്ല, ഇനി ആർക്കും ഒന്നും എഴുതുന്നില്ല. എനിക്ക് എഴുതാൻ കഴിയാത്തത്രയും കൈകൾ തളർന്നിരിക്കുന്നു. മനസ്സ് കീറിമുറിഞ്ഞിരിക്കുന്നു.
 ഇത്രയും വായിച്ചപ്പോൾ നേരെ തുടക്കത്തിലേക്ക് തന്നെ പോയി. മറ്റാർക്കൊക്കെ എന്തൊക്കെ എഴുതിക്കാണും എന്നറിയാനുള്ള ആകാംക്ഷ. അവിടെ കണ്ടത് പേജിന്റെ ഒരു പുറം അങ്ങനെത്തന്നെ ഒഴിച്ചിട്ടിരിക്കുന്നു. മറുപുറത്ത്,
ജീവിതം അഭിനയമാണ് സുഹൃത്തേ. നിങ്ങളുടെ ഭാഗം നിങ്ങൾ ..
ഇത്രയുമെഴുതി വെട്ടിക്കൂട്ടിയിട്ടിരിക്കുന്നു. അതിനപ്പുറത്തെ പുറവും ഒഴിഞ്ഞുകിടക്കുന്നു. അതിനുമപ്പുറത്ത് ഒരു കവിതയാണ്. മൃത്യു എന്ന ശീർഷകത്തോടുകൂടിയ ഒരു കവിത. കവിതയുടെ അവസാനം കവിയുടെ പേരും, 36 എന്ന നമ്പറും. ഒരു ചതുരക്കള്ളി വരച്ച് അതിനകത്താണ് നമ്പർ കുറിച്ചിട്ടിരിക്കുന്നത്.

Friday, June 21, 2013

ഉൾക്കാഴ്ച്ച

അങ്ങനെ അതു തുറന്നു. വരയിടാത്ത ഒരു നോട്ടുപുസ്തകം. തുടക്കത്തിൽ തന്നെ ആറു പേജോളം അതിൽ നിന്നും അടർന്നുപോയിരിക്കുന്നു. അടർന്നു പോയതല്ല അടർത്തിക്കളഞ്ഞിരിക്കുകയാണ്. സ്കെയിലുകൊണ്ട് ഒന്നിച്ചു കീറിയിരിക്കുന്ന ആറു പേജുകൾ. തുടർന്നു വരുന്ന പേജിൽ ഏതാണ്ട് പതിനൊന്നു വരിയോളം എന്തൊക്കെയോ എഴുതിയിരിക്കുന്നു, നീല മഷിയിൽ. പതിനൊന്നിൽ ആറുവരികളും വെട്ടിക്കളഞ്ഞിരിക്കുന്നു. മനപ്പൂർവ്വമായ ഒരു വെട്ടിക്കൂട്ടൽ, ആരും വായിക്കാതിരിക്കാൻ പാകത്തിലൊന്ന്. അടുത്ത വരികളിലായി കുറിച്ചിട്ടിരിക്കുന്നത് വെറും ഒരേയൊരു വാചകം. അതിങ്ങനെ പരസ്യമായി എഴുതുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാനത് അതേപടി ഇവിടെ പകർത്തുന്നു.
"എന്റെ ജീവിതം അവസാനിക്കുന്ന ഈ അവസാനത്തെ മണിക്കൂറിൽ നീണ്ട 21 വർഷം ഞാൻ ദൃഡമായി ചെറുത്തു നിന്നുവെന്ന് അഭിമാനപൂർവ്വം പറയാം "
ഏതെങ്കിലും നാടകത്തിലെയോ സിനിമയിലെയോ മറ്റോ ഡയലോഗല്ല ഇത്. ഒരു മനുഷ്യായുസ്സിന്റെ അവസാനം, സ്വന്തം കൈപ്പടയിൽ. വളരെ വൃത്തികെട്ട കൈപ്പട. മരണത്തിന്റെ കിതപ്പുണ്ട്  ആ കൈപ്പടയിൽ.

Tuesday, May 28, 2013

നോട്ടുപുസ്തകം

എത്ര സാധാരണമായ തലക്കെട്ടാണിത്, "നോട്ടുപുസ്തകം". അല്ലെങ്കിലും ഒരു തലക്കെട്ടിലെന്തിരിക്കുന്നു. തലക്കെട്ടിനു താഴെ വാരിവലിച്ചെഴുതിക്കൂട്ടിയവയിലല്ലേ കാര്യമായി എന്തെങ്കിലും വേണ്ടത്. പക്ഷെ, അങ്ങനെയല്ല. തലക്കെട്ടിലും കാര്യമുണ്ട്. തലക്കെട്ടിലെ ആ സാധാരണത്വത്തിലും കാര്യമുണ്ട്. നിസാരതയിൽ സന്തോഷം കണ്ടെത്തുന്നവർക്കെ ജീവിതം ആസ്വദിക്കാനാവു.

ഇവിടെ നമ്മുടെ വിഷയം നോട്ടുപുസ്തകമാണ്‌. വർഷങ്ങളോളം ഞാനന്വേഷിച്ചു നടന്ന ഒന്ന്, അതിപ്പോഴെന്റെ കയ്യിലെത്തിച്ചേർന്നിരിക്കുന്നു. ഒന്നും രണ്ടും വർഷങ്ങളല്ല, പത്തു വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണ് അത് കയ്യിൽ വന്നു ചേർന്നത്. കയ്യിൽ കിട്ടി കുറച്ചു നേരത്തേക്ക് വല്ലാത്തൊരവസ്ഥയായിരുന്നു. ഒരു മന്ദത. ശ്വാസമെടുക്കാൻ നന്നേ പാടുപെട്ടു. കുറെ നേരം അതും തുറിച്ചു നോക്കി അങ്ങനെയിരുന്നുപോയി.

എന്തൊക്കെ ചിന്തകൾ മനസ്സിലൂടെ കടന്നുപോയെന്ന് ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല. കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥ. ഇത്ര മാത്രം വൈകാരികമായ ഒരടുപ്പം അതിനോട് തോന്നുന്നതിൽ പലപ്പോഴും ഞാൻ സ്വയം അദ്ഭുതപ്പെടാറുണ്ട്.

നീലച്ചട്ടയുള്ള ഒരു പഴയ നോട്ടുപുസ്തകം. പഴക്കംകൊണ്ടത് ചുവന്നിരിക്കുന്നു. പല പേജുകളും പുറത്തേക്ക് തള്ളി നിൽക്കുന്നു. അതുപോലൊരു വസ്തുവും ഇന്നേവരെ എന്നെ ഇത്രത്തോളം നിശ്ചലയാക്കിയിട്ടില്ല. ദിവസങ്ങളോളം അത് മേശപ്പുറത്തിരുന്നു. തുറന്നു നോക്കുവാൻ തോന്നുന്നില്ല. തുറന്നു നോക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. അതങ്ങനെ നോക്കിയിരുന്നു സമയം ചെലവഴിക്കുന്നതിൽപ്പോലും വല്ലാത്തൊരാനന്ദമുണ്ട്.

Wednesday, May 1, 2013

ജീവനുള്ള പുസ്തകങ്ങൾ

വീട്ടിലെ പല മുറികളിലും പുസ്തകങ്ങൾ കൂട്ടിയിട്ടിരുന്നു. ചങ്ങമ്പുഴയുടെയും, മാധവിക്കുട്ടിയുടെയും, മുകുന്ദന്റെയും, ബഷീറിന്റെയും, എം. ടിയുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മറ്റും കൃതികൾ അവിടെ സർവ്വസാധാരണമായിരുന്നു. അതിലൊന്നു  പോലും തുറന്നു നോക്കാൻ ഞാൻ മെനക്കെട്ടില്ല. പക്ഷേ, അവക്കിടയിലെ കയ്യെഴുത്തുപുസ്തകങ്ങൾ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. അച്ചടിപ്പുസ്തകങ്ങളേക്കാൾ എനിക്കു പ്രിയം ആ കയ്യെഴുത്തുപ്രതികളായിരുന്നു. എഴുതുന്നവന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവയാണവ. അക്ഷരങ്ങളോടുള്ള അവന്റെ അടക്കാനാവാത്ത അഭിനിവേശം അതിൽ കാണാം. കുത്തിക്കുറിക്കുന്ന വടിവൊത്ത  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. എങ്കിലും ആ പുസ്തകങ്ങളോട് വല്ലാത്തൊരാർത്തിയായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ഒരു പുസ്തകത്തിനായുള്ള തിരച്ചിലാണ് എന്നും ഞാനവിടെ നടത്തിയിരുന്നത്; പരസ്യമായ ഒരു രഹസ്യമായിരുന്നു അത്. അങ്ങനൊരു സംഭവം ഉണ്ട് എന്നു മാത്രം എല്ലാവർക്കുമറിയാം; പക്ഷേ, എവിടെ എന്നത് കാലങ്ങളോളം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു. ആ പുസ്തകം എന്റെ കയ്യിലെത്താനുള്ള സമയമായ്ക്കാണില്ല. അതെന്റെ കയ്യിലെത്തിപ്പെടുന്ന നിമിഷത്തെക്കുറിച്ച് പലപ്പോഴായി പലതും ഞാൻ ചിന്തിച്ചുകൂട്ടി. ഒരു ജീവിതത്തിന്റെ തന്നെ പ്രതിഫലനമാണാ പുസ്തകം.

Tuesday, April 23, 2013

ചില്ലിട്ട ചിത്രങ്ങൾ

ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കുറേയേറെ ചില്ലിട്ട ചിത്രങ്ങൾ. ചിത്രങ്ങളെന്ന് പറയുമ്പോൾ പെയിന്റിംഗുകളാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒത്തിരിയേറെ മനുഷ്യരുടെ തനി ബ്ലാക്ക്‌-ആൻഡ്‌-വൈറ്റ് ചിത്രങ്ങളാണവ. പഴയകാല ചലച്ചിത്രതാരങ്ങളെ ഓർമ്മിപ്പിക്കുന്നു അവയെല്ലാം. ജയനും, സുകുമാരനുമായിരുന്നിരിക്കണം പുരുഷകേസരികളുടെ ഹീറോസ്; സ്ത്രീജനങ്ങൾ കുമാരിയേയും, ശാരദയേയും, ഷീലയേയും, ജയഭാരതിയേയും പോലെ കുറുനിരകളുമായ് ലജ്ജാവിവശരായ് അങ്ങനെ നിൽക്കുന്നു. ഒരു തലമുറയുടെ പകർപ്പാണാ ചിത്രങ്ങൾ. എടുത്തു പറയേണ്ട ഒരു കാര്യം, ചിരിച്ചുനിൽക്കുന്ന ഒരാളെപ്പോലും ഒറ്റ ചിത്രത്തിലും കാണാനുണ്ടായിരുന്നില്ല!

അകത്തെ ഒരൊറ്റ മുറിയിൽ മാത്രം നാൽപ്പതിലേറെ ഇത്തരം ചിത്രങ്ങളുണ്ടായിരുന്നു. ഇതെന്താ വല്ല എക്സിബിഷനെങ്ങാനുമാണോ എന്ന് അകമേ ചിന്തിക്കാറുണ്ടായിരുന്നു. ഉമ്മറത്തെ സ്ഥിതി അങ്ങനെയായിരുന്നില്ല; വെറും നാലേനാലു ചിത്രങ്ങൾ! വലത്തേ അറ്റത്തായി ശ്രീനാരായണ ഗുരുദേവൻ, അതിന്റെ ഇടത്തായി ഏതോ ഒരു ദേവി - കാടാമ്പുഴ ഭഗവതിയാണോ എന്ന സംശയം ഇല്ലാതില്ല, അതിനും ഇടത്തായി വച്ചിട്ടുള്ളത് ഗുരുവായൂരപ്പനെയാണ്, അതിനിപ്പുറം ഞാനിതുവരെ കണ്ടിട്ടില്ലാത്തതെങ്കിലും ജീവിക്കുന്ന ആരൊക്കെയായൊ സാമ്യമുള്ള ഒരാളുടെ ചിത്രം. വിശേഷദിവസങ്ങളിൽ ആ ഇടത്തേ അറ്റത്തുള്ള ചിത്രത്തിന് മുല്ലമാല ചാർത്തുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ആ ചിത്രത്തിൽ കാണുന്നത് ആരാണെന്നറിയാൻ ആഗ്രഹമുണ്ടായിട്ടും കാലങ്ങളോളം ആരാണെന്നന്വേഷിക്കാൻ ഞാൻ തുനിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ അമ്പരപ്പുതോന്നുന്നു. "ആമുഖ"ത്തിലെ "ആ മുഖ"ത്തിന്റെ കഥയുടെ തുടക്കം ഇങ്ങനെയാണ്.

Monday, April 22, 2013

ആമുഖം

ഒരു പുസ്തകം തുറന്നാൽ അതിനൊരാമുഖം! ഒരു ലേഖനമേടുത്താൽ അതിനൊരാമുഖം! ഒരു പാഠപുസ്തകത്തിനൊരാമുഖം! പാഠപുസ്തകത്തിലെ ഓരോ അധ്യായത്തിനും ആമുഖം! ഓരോ അധ്യായത്തിലെയും ഓരോ തലക്കെട്ടിനും താഴെ ആമുഖം! ഇതെല്ലാം വായിച്ചു ചെല്ലുന്ന വിദ്യാർത്ഥികൾ ഉത്തരക്കടലാസിലെഴുതുന്ന ഓരോ ഉത്തരത്തിനും ആമുഖം! ഈ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി, വിതരണത്തിനായി ക്ലാസിലെത്തുന്ന അധ്യാപകൻ, വിതരണത്തിനു മുൻപ് വിദ്യാർത്ഥികൾക്കു കൊടുക്കുന്നതും ഒരാമുഖം! ഒരു റിപ്പോർട്ടിനൊരാമുഖം! ഒരു വാർത്തക്കൊരാമുഖം! ഒരു കഥക്കൊരാമുഖം! ഒരു കവിതക്കൊരാമുഖം! ഒരു പ്രസംഗത്തിനൊരാമുഖം! ഒരു ചർച്ചക്കൊരാമുഖം! എല്ലാം പോട്ടെ, വീട്ടിലൊരു കാര്യം അവതരിപ്പിക്കണമെങ്കിൽ അതിനും ആമുഖം!

"ആ മുഖം", "ആമുഖം" - എന്തൊരർഥാന്തരംല്ലേ? ഇനിയിപ്പൊ ഈ ബ്ലോഗിനും വേണ്ടി വര്വോ ഒരാമുഖം? ചുരുക്കിപ്പറഞ്ഞാൽ ഈ ആമുഖം ഒരു മഹാ സംഭവം തന്നെയാണല്ലേ?!