Saturday, May 19, 2018

അസ്പഷ്ടൻ

ഉമ്മറത്തേക്കും പിന്നാമ്പ്രത്തേക്കുമുള്ള വാതിലുകൾ തുറന്നു കിടന്നു. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ തട്ടിൻപുറം. അല്ലെങ്കിലും പനന്തട്ടൊക്കെ ഇത്രയും കാലം നിന്നതു തന്നെ വലിയ കാര്യം. നിലച്ചിട്ടു കാലങ്ങളായ ഫാൻ. കറങ്ങിയിരുന്ന കാലത്തെ  അതിന്റെ ഞരക്കം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. മാറാല കയറി പൊടിപിടിച്ച് ഒരു മൂലയ്ക്ക് കിടക്കുന്ന പുസ്തകക്കൂമ്പാരം. ഇതെല്ലാം നോക്കിക്കൊണ്ട് നടക്കകത്ത് നടവഴിയിൽ പായും വിരിച്ചു ഞാൻ കിടന്നു.

വൈകീട്ട് ഊണിന് ആരൊക്കെയുണ്ടാവും?! ഉച്ചയുറക്കം ഒരു നാലുമണിക്കെങ്കിലും അവസാനിപ്പിച്ചാലേ രാത്രിയിലെ ഊണിനുള്ളതെല്ലാം ഒരുക്കാനാവൂ. ഇന്നു കൂട്ടുകറി വേണ്ട, പകരം ചേന വറുത്തതാവാം. ആർക്കെങ്കിലും ഇനിയത് പിടിക്കാതെ വര്വോ? അല്ലെങ്കിൽ രണ്ടും ആയിക്കോട്ടെ. ഒന്നിനും ഒരു കുറവും വേണ്ട.

നന്നായിരിക്കുന്നു മനോരാജ്യം!! 

മൺകൂജക്കടുത്തുള്ള പാക്കറ്റിലിനി 4 ബ്രെഡും കൂടി കാണുമായിരിക്കും. കൂടെക്കഴിക്കാൻ ഒരു പഴം വേണമായിരുന്നു. ഒരു പടല വാങ്ങിപ്പിച്ചേക്കാം. ആരെക്കൊണ്ടു വാങ്ങിപ്പിക്കാൻ!!

മെലിഞ്ഞു പോയിരിക്കുന്നു, ഒരുപാട്. കഴിക്കാനില്ലാഞ്ഞിട്ടല്ല. കഴിക്കാഞ്ഞിട്ടാണ്. വർഷങ്ങൾ നീളുന്നൊരു തപസ്സിലാണ് ഞാൻ. ഇംഗിതം നിറവേറും വരെ നീളുന്നൊരു കഠിന തപസ്സ്. മിക്കദിവസങ്ങളും ജലപാനം മാത്രം!!

പതുക്കെ എഴുന്നേറ്റ് ഇറയത്തേക്കു നടന്നു. ഒരു വലിയ കണ്ണാടി ചുമരിൽ തൂക്കിയിട്ടിരുന്ന. ഇനിയിതു മാത്രമേ വിലപിടിപ്പുള്ളതായി ഇ വീട്ടിൽ ബാക്കിയുള്ളു. ആഢ്യത്വത്തിന്റെ മറ്റടയാളങ്ങളെല്ലാം ദാനം ചെയ്തു കഴിഞ്ഞു, പലർക്കായി. ദാനം സ്വീകരിച്ചവരിൽ നിന്നും കിട്ടിയ ദക്ഷിണ വാങ്ങി പോക്കറ്റിലിട്ടു. കീറപ്പോക്കെറ്റിൽ നിന്നും അതൊക്കെ വീണുപോയതറിയാതെ നടന്നകന്നു പലപ്പോഴും. അതൊന്നും കാര്യമാക്കിയില്ല. താപസ്സനുഷ്ഠിക്കുന്നവനു അതിന്റെയൊക്കെ എന്താവശ്യം.

ഈ ദർപ്പണം ഇതാർക്കും കൊടുക്കാനാവില്ല. മറക്കാനാഗ്രഹിക്കാത്ത പലതും ഇതിനു കാണിക്കാനാകും. അതുപോലെ കാണണമെന്നാഗ്രഹിക്കുന്ന പലതും ഇതു കാണിച്ചുതരും.

ഞാൻ കാണുന്നു. മെലിഞ്ഞു എല്ലുന്തിയ കഴുത്തും കവിളുകളും, തേഞ്ഞതും പൊതി നിൽക്കുന്നതുമായ പല്ലുകൾ, കുഴിഞ്ഞ കണ്ണുകൾ, മുഴുവനും നരച്ചുപോയ മുടിയിഴകൾ, കരുവാളിച്ച മുഖം. പണ്ടെന്നോ വെളുത്തു സുന്ദരനായിരുന്ന എന്റെ കോലം കണ്ടു പരിചയക്കാർ വ്യസനിക്കുന്നു, ഞാൻ പെണ്ണു കെട്ടാത്തതിനവർ വ്യസനിക്കുന്നു, ഞാൻ പട്ടിണികിടക്കുന്നതിനും അവർ വ്യസനിക്കുന്നു. എനിക്കു പലപ്പോഴും മനസ്സിലാവുന്നില്ല. എന്തിനവരിങ്ങനെ എന്നെക്കുറിച്ചോർത്തു വ്യസനിച്ചു ജീവിക്കുന്നു?! അല്ലെങ്കിലും വരാൻ പോകുന്ന കാലത്തെക്കുറിച്ചറിയാൻ അവരുടെപക്കൽ ഇതുപോലൊരു ദർപ്പണമില്ലല്ലൊ.

ഞാൻ കാണുന്നു, വ്യക്തമായി, എല്ലാം.

ഈ ഘോര തപസ്സിന്റെ അന്ത്യത്തോടെ ഞാൻ പണ്ടത്തേതിൻ മടങ്ങ് സുന്ദരനാകും, ഈ ലോകത്തേക്കും വച്ച് എല്ലാറ്റിലും അഗ്രഗണ്യനായിത്തീരും, എന്റെ ചുറ്റിലും സമ്പത്തു കുമിഞ്ഞു കൂടും, എന്റെ പ്രിയപ്പെട്ടവരും എനിക്കു തുല്യമാം വിധം സന്തുഷ്ടരാവും, ഞാൻ ആക്കിയിരിക്കും. എനിക്ക് അമരത്വം പ്രാപ്തമാവും!! 

മുറ്റത്തെ മുരടിച്ച മാവ് വീണ്ടും തളിർക്കും, ഉണങ്ങിപ്പോയ രാമച്ചക്കൂട്ടം കിളിർക്കും, പിച്ചകവും, മുല്ലയും, പവിഴമല്ലിയും, ആറുമാസവും പിന്നെയും പൂക്കും. ചാമ്പയും നാടകവും പിന്നെയും കായ്ക്കും.
  
ഇതെല്ലം ആഗതമാവാറായിരിക്കുന്നു. ഇതേക്കുറിച്ചെല്ലാം അജ്ഞരായവർ വ്യസനിച്ചു ജീവിക്കുന്നു. ഇതെല്ലം ഞാനീ ദർപ്പണത്തിലൂടെ കാണുന്നു. തപസ്സിനു ശേഷമുള്ള സ്വർഗീയ ജീവിതം ഞാൻ കാണുന്നു. എന്റെ തപോഫലം കൊണ്ടു ഈ ഭൂമി, ഇതൊരു സ്വർഗ്ഗമാക്കി ഞാൻ മാറ്റും. എന്റെ വാക്കുകൾ, അതിനു മാറ്റമില്ല. ഞാൻ ഇവിടെയൊരു സ്വർഗ്ഗലോകമാക്കിത്തീർക്കും. എനിക്കതിനു കഴിയും. എനിക്കേ അതിനു കഴിയു.കാരണം ഞാൻ.. ഞാൻ.. ഞാൻ രാവണ പുത്രനാണ്. ഇഹലോകത്തിൽ ആർക്കുമറിയാത്ത സത്യം.

ലങ്കാപതി രാവണന് മനുഷ്യസ്ത്രീയായ സുകുമാരിയിലുണ്ടായ മനുഷ്യപുത്രൻ. നീചരെന്നു മുദ്രകുത്തപ്പെട്ട, രാക്ഷസവംശത്തിനു വേണ്ടി എന്നെന്നും നിലകൊണ്ട, രാക്ഷസരാജാവ് രാവണന്റെ പുത്രൻ, 'അസ്പഷ്ടൻ'.

പിതാവിനെപ്പോലെ ലോകം  കീഴടക്കാനല്ല ഞാൻ തപസ്സനുഷ്ഠിക്കുന്നത്. തപശ്ശക്തികൊണ്ട് ആരെയും, ഒന്നിനെയും കീഴടക്കാനും എനിക്കുദ്ദേശമില്ല. എനിക്ക് വേണ്ടതൊരു സ്വർഗ്ഗസമാന ലോകമാണ്. നന്മ മാത്രം വിളയാടുന്നൊരു ലോകം.

ഇന്നെന്റെ തപസ്സ് അതിന്റെ പാരമ്യതയിലെത്തും. ഇനിയങ്ങോട്ടെനിക്ക് ജലപാനം പോലുമില്ല.  എനിക്കുരുവിടാനും സ്മരിക്കാനും മന്ത്രങ്ങളില്ല. നീണ്ടു നിവർന്ന് കണ്ണുകളടച്ച് ഞാൻ കിടക്കും, പോകപ്പോകെ എന്റെ ശ്വാസം മന്ദഗതിയിലാകും. തപസ്സിന്റെ പാരമ്യതയിൽ എന്റെ ശ്വാസം നിലക്കുകയും ലോകമാകെ അന്ധകാരം വ്യാപിക്കുകയും ചെയ്യും. ഏതാനും നിമിഷങ്ങൾ... എന്റെ തപസ്സ് പൂര്ണതയിലെത്തുകയും ഞാൻ കണ്ണ് തുറക്കുകയും ചെയ്യും. ലോകത്താകമാനം ഒരു തേജസ്സു പരക്കുകയും ചെയ്യും. അവിടെ തുടങ്ങുകയായി പുതിയൊരു യുഗം.

Sunday, March 20, 2016

പ്രതിബിംബങ്ങൾ

അമ്മ പറഞ്ഞ വാക്കുകൾ, അതിങ്ങനെ ഇടയ്ക്കിടെ മനസ്സിൽ വന്നും പോയുമിരിക്കുന്നു. അതിലെ യാദാർഥ്യത്തെ  ഉൾക്കൊള്ളാനായോ  എന്നിപ്പോഴും നിശ്ചയമില്ല.  ഉൾക്കൊള്ളാൻ ഞാൻ ശ്രമിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടാണല്ലോ അണപൊട്ടി വരുന്ന കോപത്തെ പരമാവധി അടക്കി നിർത്താൻ ഞാൻ ശ്രമിക്കുന്നത്. പ്രകോപനപരമായ മനുഷ്യരുടെ പെരുമാറ്റമാണ് എന്നെ ഇത്തരത്തിലുള്ള അവസ്ഥയിലെത്തിക്കുന്നതെന്നത്  എടുത്തു  പറയേണ്ട ഒന്നാണ്. മറ്റുള്ളവർക്കു  നേരെ വാക്കുകളാകുന്ന ശരങ്ങളെയ്തു മുറിവേൽപ്പിക്കുമ്പോൾ എന്റെ ഉള്ളിൽ നിന്നു തന്നെ  വേദന വരുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. ഇതെന്നെ ദുർബലയാക്കുന്നു. എനിക്കിഷ്ടം ആ ശരങ്ങളേൽപിച്ച മുറിവുകളിലെ വേദനകൊണ്ടു പുളയുന്ന മനുഷ്യമുഖങ്ങൾ കാണാനാണ്. ഒരു പക്ഷേ ഞാനൊരു വിഷാദ രോഗിയാണോ എന്ന് പോലും എനിക്ക് സംശയം തോന്നുന്നു. ഇതിനെ ന്യായീകരിക്കാൻ തക്കതായിരുന്നു അമ്മയുടെ ആ വാക്കുകൾ - "മനുഷ്യ മനസ്സ് കലുഷിതമാണ്". അതെ, എന്റെ മനസ്സും കലുഷിതമായിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു ശരസമാനമായ എന്റെ വാക്കുകൾ. അവ മറ്റുള്ളവരുടെ ഹൃദയത്തിലേൽപ്പിക്കുന്ന ഗുരുതരമായ മുറിവുകൾ എനിക്ക് കാണണമെന്നില്ല. എന്റെ മനസ്സ് കലുഷിതമാണ്.

പത്താം തരം മാത്രം വിദ്യാഭ്യാസമുള്ള അമ്മയ്ക്ക് ഇത്തരത്തിലുള്ള വാക്ചാതുര്യം എവിടെ നിന്നും കിട്ടിയെന്ന് ഞാൻ പലപ്പോഴും അദ്ഭുതത്തോടെയും അഭിമാനത്തോടെയും ചിന്തിക്കാറുണ്ട്.

കലുഷിതം - നല്ല  മനോഹരമായ ഒരു മലയാള പദമായി തോന്നുന്നു. കലുഷിതമായി ഒരു സങ്കൽപം മാത്രമേ ഇന്നാളത്രയും എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. കടലാണത്. കലുഷിതമായ കടൽ. അതെ, കടലെപ്പോഴും കലുഷിതമാണ്. അടങ്ങിയിരിക്കാത്ത, അടക്കിയിരുത്താനാവാത്ത ഒന്നാണ് കടൽ. കടിഞ്ഞാണിടാനാവാത്തത്. മനസ്സിന്റെ കാര്യവും അങ്ങനെത്തന്നെ. അതിന് കടിഞ്ഞാണിടാനാവില്ല. അതെപ്പോഴും കലുഷിതമാണ്. ചിന്തകളാകുന്ന തിരകൾ വന്നും പോയുമിരിക്കുന്നു.

ഇത്രയും ചിന്തകൾ മനസ്സിലേക്കെത്തിച്ചതു തന്നെ ആ കവിതയാണ്. പ്രതിബിംബങ്ങളെന്ന തലക്കെട്ടു നൽകിയിരിക്കുന്ന ആ കവിത. ആ തലക്കെട്ട്, അതിങ്ങനെ വലുതാക്കി, കനപ്പിച്ച് എഴുതിയിരിക്കുന്നു. നീലമഷിപ്പേന കൊണ്ടുള്ളതാണാ എഴുത്ത്. പുസ്തകത്തിൻറെ നടുപ്പേജിലെ വലതുഭാഗത്താണത് ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ മറുപുറത്തും. കവിത അവസാനിക്കുന്നിടത്ത് കൊതിപ്പിക്കുന്ന ആകാരവടിവോടെ കവിയുടെ പേരും കുറിച്ചിട്ടിരിക്കുന്നു. കൂടെ 35 എന്ന നമ്പറും.

കവിതയിൽ ആദ്യം കണ്ണിലുടക്കിയ വാക്ക് ഏകാന്തത ആയിരുന്നു. കവിത വെറുതെ ഓടിച്ചു വായിച്ചു. പിന്നീടങ്ങോട്ട് ചിന്തകളുടെ വേലിയേറ്റമായിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്നത് ഏകാന്തത എന്ന പദമാണ്. കുളക്കരയിൽ  പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം മനസ്സിലേക്കെത്തുന്നു. ഏകാന്തതയിലാണല്ലോ മനുഷ്യൻ തന്റെ തന്നെ പ്രതിബിംബത്തിലേക്ക് ആത്മാർഥമായി നോക്കുന്നത്. അവനവനെത്തന്നെ തിരിച്ചറിയുന്നത്. എന്തർഥവത്തായ തലക്കെട്ട് - പ്രതിബിംബങ്ങൾ.

ഏകാന്തത  - ഒരു വല്ലാത്ത അവസ്ഥയാണത്. മനുഷ്യന്റെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും അവനെത്തന്നെ ഒരുക്കാനുതകുന്ന ഒന്ന്. ഒരുവനെ നല്ലവനാക്കാനും നീചനാക്കാനും  പോന്ന ഒന്ന്. ആത്മാർഥമായ സ്വയം വിലയിരുത്തലിനുള്ള സമയം.

കവിതയിൽ ഇഷ്ടപ്പെട്ട ഒരു പ്രയോഗം - "പ്രതിബിംബങ്ങളുടെ കാരാഗൃഹം". എത്ര സുന്ദരമായ ഭാവന. വർണ്ണിക്കാനാവാത്ത ഒരു ആത്മനിർവൃതി നൽകുന്നു അത്.

കവിത ഇതായിരുന്നു:

തകർന്ന സ്വപ്‌നങ്ങൾ
എന്റെ മനസ്സിന്റെ സ്വൈരത
നഷ്ടപ്പെടുത്തുന്നു.
ആ ദുർബല നിമിഷത്തിലൂടെ
ഞാൻ ഏകാന്തതയിലെത്തുന്നു.
നിറങ്ങളണിഞ്ഞ സ്വപ്നത്തിൽ
ഞാൻ, എന്റെ
ഏകാന്തതയെ വാരിപുണരുന്നു
നോട്ടം വിവസ്ത്രയാക്കിയ, നിന്റെ
ശരീരത്തിലൂടെ
എന്റെ വിരലുകൾ പരതുമ്പോൾ
ഞാൻ ആത്മനിർവൃതിയിൽ
ലയിച്ചിരുന്നിട്ടില്ല.
വളഞ്ഞ നട്ടെല്ലുള്ള നിന്റെ വർഗ്ഗത്തെ
നിന്നിലൂടെ അവഹേളിക്കുന്ന
ആത്മസംതൃപ്തി, അത്
മാത്രമായിരുന്നെന്റെ ലക്‌ഷ്യം.
നഗരത്തിന്റെ മൂലയിലും
അഴുക്കുചാലുകളിലും
പുതിയ വേശ്യകൾ
പിറവി കൊള്ളുമ്പോൾ
എന്റെ മൃഗതുല്യതയിൽ
എനിക്ക് ഊറ്റം കൊള്ളാൻ
കഴിയാതെ വന്നിരുന്നു.
നിന്റെ പച്ചമാംസത്തിന്
വില പറഞ്ഞീടാൻ
എന്റെ
മരിക്കാത്ത മനസ്സാക്ഷി
മുതിരാറില്ലായിരുന്നു
ചിന്തയുടെ മൂർദ്ധന്യത്തിൽ
ഞാൻ, എന്റെ
പ്രതിബിംബങ്ങളുടെ
കാരാഗൃഹംമാത്രമാണ്കണ്ടെത്തിയിരുന്നത്.

Thursday, May 7, 2015

മൃത്യു

'മൃത്യു'വിനെക്കുറിച്ച് ഒരു ഇരുപത്തിയൊന്നുകാരന്റെ വീക്ഷണം, അതും 30 വർഷങ്ങൾക്കു മുൻപ്.

പലയാവർത്തി ഞാനാ കവിതയിലൂടെ കണ്ണോടിച്ചു. അതിനെ കവിതയെന്നാണോ ഗദ്യമെന്നാണോ പറയേണ്ടതെന്നെനിക്കറിയില്ല. അന്നും ഇന്നും എന്നും കവിത എന്റെ മതമല്ലായിരുന്നു. എന്നിട്ടും ഇതിനോടൊരു പ്രത്യേക ഇഷ്ടം തോന്നുന്നു. എനിക്കെന്നും അന്യമായിരുന്ന പഴയ മലയാളം ലിപിയിലെഴുതിയ വടിവൊത്ത ആ അക്ഷരങ്ങളോട് സത്യമായിട്ടും ഇഷ്ടം തോന്നുന്നു.

30 വര്ഷങ്ങള്ക്ക് മുൻപ് യുവത്വം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചു പോവുകയാണ്. തിളയ്ക്കുന്ന യുവത്വമെന്ന പ്രയോഗം അന്നും ഇന്നും എത്ര സത്യമാണല്ലേ!! യുവത്വത്തിന്റെതായ ആ തിളപ്പ് കുറിച്ചിട്ടിരിക്കുന്നതിലെല്ലാം സ്ഫുരിക്കുന്നു.

ഈ കവിതയുടെ അർത്ഥം നിങ്ങൾക്കെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം, എങ്ങനെ വേണമെങ്കിലും ഗ്രഹിക്കാം. എല്ലാം നിങ്ങൾക്കു വിട്ടു തന്നിരിക്കുന്നു.

കവിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ. കവിത ഇവിടെ പകർത്തുന്നു.

ഞാനിന്നു കാണുന്നു
മൃത്യുവിൻ  സ്വപ്‌നങ്ങൾ
സത്യമെന്നതിൽ സത്യം
വിഷാദപൂർണ്ണമല്ലയോ
മൃത്യുവിൻ കാലൊച്ച
കേൾക്കുന്നു
എൻ ഇന്ദ്രിയങ്ങളിന്ന്
തീക്ഷ്ണത പൂണ്ടിരിക്കുന്നു
ഞാൻ ചെയ്ത കുറ്റമെന്തായിടാം
എൻ മനം പീഡിപ്പിക്കുന്നു
എന ദർശന
സ്വപ്നങ്ങലിലൊക്കെയും
ശവ പറമ്പുകളായിരുന്നു.
പുത്തനാം ശവ കുഴിയിൽ
കുഴിവെട്ടുകാരൻ
ശിൽപിയായ് ചമഞ്ഞിടും
ഞാൻ കാണും, ശവ
കല്ലറയിൽ
ഞാനെൻ നാമം
തെളിഞ്ഞു കാണുന്നു
അവയൊരിക്കലും
എൻ ഹൃദയത്തിൽ
പോറലേല്പിക്കുന്നില്ല
എന്റെ സിരകളിലെ
രക്തം ച്ചുടുന്നില്ല
എന്റെ ഭാവനക്കപ്പുറം
മരണമെന്ന, ഭീകരസത്യം
ഒന്നുകിൽ
കഴുകന്റെ രൂപത്തിലാകാം
വിഷപാമ്പ്‌ രൂപത്തിൽ
വന്നിടായ്കയില്ല
മറ്റുള്ള രൂപമോ
അവ്യക്തമായിടാം
മൃത്യുവിൻ ഭീകരരൂപങ്ങൾ
നാൾക്കുനാൾ
വ്യത്യസ്തമാണല്ലോ.

Sunday, June 30, 2013

തുടർക്കാഴ്ച


താളുകൾ കുറച്ചധികം ഒരുമിച്ച് മറിച്ചപ്പോൾ കണ്ണുകൾ ഉടക്കിയത് ഈ വരികളിലായിരുന്നു.
രവിമാമന്
ഇല്ല, ഇനി ആർക്കും ഒന്നും എഴുതുന്നില്ല. എനിക്ക് എഴുതാൻ കഴിയാത്തത്രയും കൈകൾ തളർന്നിരിക്കുന്നു. മനസ്സ് കീറിമുറിഞ്ഞിരിക്കുന്നു.
 ഇത്രയും വായിച്ചപ്പോൾ നേരെ തുടക്കത്തിലേക്ക് തന്നെ പോയി. മറ്റാർക്കൊക്കെ എന്തൊക്കെ എഴുതിക്കാണും എന്നറിയാനുള്ള ആകാംക്ഷ. അവിടെ കണ്ടത് പേജിന്റെ ഒരു പുറം അങ്ങനെത്തന്നെ ഒഴിച്ചിട്ടിരിക്കുന്നു. മറുപുറത്ത്,
ജീവിതം അഭിനയമാണ് സുഹൃത്തേ. നിങ്ങളുടെ ഭാഗം നിങ്ങൾ ..
ഇത്രയുമെഴുതി വെട്ടിക്കൂട്ടിയിട്ടിരിക്കുന്നു. അതിനപ്പുറത്തെ പുറവും ഒഴിഞ്ഞുകിടക്കുന്നു. അതിനുമപ്പുറത്ത് ഒരു കവിതയാണ്. മൃത്യു എന്ന ശീർഷകത്തോടുകൂടിയ ഒരു കവിത. കവിതയുടെ അവസാനം കവിയുടെ പേരും, 36 എന്ന നമ്പറും. ഒരു ചതുരക്കള്ളി വരച്ച് അതിനകത്താണ് നമ്പർ കുറിച്ചിട്ടിരിക്കുന്നത്.

Friday, June 21, 2013

ഉൾക്കാഴ്ച്ച

അങ്ങനെ അതു തുറന്നു. വരയിടാത്ത ഒരു നോട്ടുപുസ്തകം. തുടക്കത്തിൽ തന്നെ ആറു പേജോളം അതിൽ നിന്നും അടർന്നുപോയിരിക്കുന്നു. അടർന്നു പോയതല്ല അടർത്തിക്കളഞ്ഞിരിക്കുകയാണ്. സ്കെയിലുകൊണ്ട് ഒന്നിച്ചു കീറിയിരിക്കുന്ന ആറു പേജുകൾ. തുടർന്നു വരുന്ന പേജിൽ ഏതാണ്ട് പതിനൊന്നു വരിയോളം എന്തൊക്കെയോ എഴുതിയിരിക്കുന്നു, നീല മഷിയിൽ. പതിനൊന്നിൽ ആറുവരികളും വെട്ടിക്കളഞ്ഞിരിക്കുന്നു. മനപ്പൂർവ്വമായ ഒരു വെട്ടിക്കൂട്ടൽ, ആരും വായിക്കാതിരിക്കാൻ പാകത്തിലൊന്ന്. അടുത്ത വരികളിലായി കുറിച്ചിട്ടിരിക്കുന്നത് വെറും ഒരേയൊരു വാചകം. അതിങ്ങനെ പരസ്യമായി എഴുതുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാനത് അതേപടി ഇവിടെ പകർത്തുന്നു.
"എന്റെ ജീവിതം അവസാനിക്കുന്ന ഈ അവസാനത്തെ മണിക്കൂറിൽ നീണ്ട 21 വർഷം ഞാൻ ദൃഡമായി ചെറുത്തു നിന്നുവെന്ന് അഭിമാനപൂർവ്വം പറയാം "
ഏതെങ്കിലും നാടകത്തിലെയോ സിനിമയിലെയോ മറ്റോ ഡയലോഗല്ല ഇത്. ഒരു മനുഷ്യായുസ്സിന്റെ അവസാനം, സ്വന്തം കൈപ്പടയിൽ. വളരെ വൃത്തികെട്ട കൈപ്പട. മരണത്തിന്റെ കിതപ്പുണ്ട്  ആ കൈപ്പടയിൽ.

Tuesday, May 28, 2013

നോട്ടുപുസ്തകം

എത്ര സാധാരണമായ തലക്കെട്ടാണിത്, "നോട്ടുപുസ്തകം". അല്ലെങ്കിലും ഒരു തലക്കെട്ടിലെന്തിരിക്കുന്നു. തലക്കെട്ടിനു താഴെ വാരിവലിച്ചെഴുതിക്കൂട്ടിയവയിലല്ലേ കാര്യമായി എന്തെങ്കിലും വേണ്ടത്. പക്ഷെ, അങ്ങനെയല്ല. തലക്കെട്ടിലും കാര്യമുണ്ട്. തലക്കെട്ടിലെ ആ സാധാരണത്വത്തിലും കാര്യമുണ്ട്. നിസാരതയിൽ സന്തോഷം കണ്ടെത്തുന്നവർക്കെ ജീവിതം ആസ്വദിക്കാനാവു.

ഇവിടെ നമ്മുടെ വിഷയം നോട്ടുപുസ്തകമാണ്‌. വർഷങ്ങളോളം ഞാനന്വേഷിച്ചു നടന്ന ഒന്ന്, അതിപ്പോഴെന്റെ കയ്യിലെത്തിച്ചേർന്നിരിക്കുന്നു. ഒന്നും രണ്ടും വർഷങ്ങളല്ല, പത്തു വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണ് അത് കയ്യിൽ വന്നു ചേർന്നത്. കയ്യിൽ കിട്ടി കുറച്ചു നേരത്തേക്ക് വല്ലാത്തൊരവസ്ഥയായിരുന്നു. ഒരു മന്ദത. ശ്വാസമെടുക്കാൻ നന്നേ പാടുപെട്ടു. കുറെ നേരം അതും തുറിച്ചു നോക്കി അങ്ങനെയിരുന്നുപോയി.

എന്തൊക്കെ ചിന്തകൾ മനസ്സിലൂടെ കടന്നുപോയെന്ന് ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല. കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥ. ഇത്ര മാത്രം വൈകാരികമായ ഒരടുപ്പം അതിനോട് തോന്നുന്നതിൽ പലപ്പോഴും ഞാൻ സ്വയം അദ്ഭുതപ്പെടാറുണ്ട്.

നീലച്ചട്ടയുള്ള ഒരു പഴയ നോട്ടുപുസ്തകം. പഴക്കംകൊണ്ടത് ചുവന്നിരിക്കുന്നു. പല പേജുകളും പുറത്തേക്ക് തള്ളി നിൽക്കുന്നു. അതുപോലൊരു വസ്തുവും ഇന്നേവരെ എന്നെ ഇത്രത്തോളം നിശ്ചലയാക്കിയിട്ടില്ല. ദിവസങ്ങളോളം അത് മേശപ്പുറത്തിരുന്നു. തുറന്നു നോക്കുവാൻ തോന്നുന്നില്ല. തുറന്നു നോക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. അതങ്ങനെ നോക്കിയിരുന്നു സമയം ചെലവഴിക്കുന്നതിൽപ്പോലും വല്ലാത്തൊരാനന്ദമുണ്ട്.

Wednesday, May 1, 2013

ജീവനുള്ള പുസ്തകങ്ങൾ

വീട്ടിലെ പല മുറികളിലും പുസ്തകങ്ങൾ കൂട്ടിയിട്ടിരുന്നു. ചങ്ങമ്പുഴയുടെയും, മാധവിക്കുട്ടിയുടെയും, മുകുന്ദന്റെയും, ബഷീറിന്റെയും, എം. ടിയുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മറ്റും കൃതികൾ അവിടെ സർവ്വസാധാരണമായിരുന്നു. അതിലൊന്നു  പോലും തുറന്നു നോക്കാൻ ഞാൻ മെനക്കെട്ടില്ല. പക്ഷേ, അവക്കിടയിലെ കയ്യെഴുത്തുപുസ്തകങ്ങൾ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. അച്ചടിപ്പുസ്തകങ്ങളേക്കാൾ എനിക്കു പ്രിയം ആ കയ്യെഴുത്തുപ്രതികളായിരുന്നു. എഴുതുന്നവന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവയാണവ. അക്ഷരങ്ങളോടുള്ള അവന്റെ അടക്കാനാവാത്ത അഭിനിവേശം അതിൽ കാണാം. കുത്തിക്കുറിക്കുന്ന വടിവൊത്ത  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. എങ്കിലും ആ പുസ്തകങ്ങളോട് വല്ലാത്തൊരാർത്തിയായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ഒരു പുസ്തകത്തിനായുള്ള തിരച്ചിലാണ് എന്നും ഞാനവിടെ നടത്തിയിരുന്നത്; പരസ്യമായ ഒരു രഹസ്യമായിരുന്നു അത്. അങ്ങനൊരു സംഭവം ഉണ്ട് എന്നു മാത്രം എല്ലാവർക്കുമറിയാം; പക്ഷേ, എവിടെ എന്നത് കാലങ്ങളോളം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു. ആ പുസ്തകം എന്റെ കയ്യിലെത്താനുള്ള സമയമായ്ക്കാണില്ല. അതെന്റെ കയ്യിലെത്തിപ്പെടുന്ന നിമിഷത്തെക്കുറിച്ച് പലപ്പോഴായി പലതും ഞാൻ ചിന്തിച്ചുകൂട്ടി. ഒരു ജീവിതത്തിന്റെ തന്നെ പ്രതിഫലനമാണാ പുസ്തകം.