അമ്മ പറഞ്ഞ വാക്കുകൾ, അതിങ്ങനെ ഇടയ്ക്കിടെ മനസ്സിൽ വന്നും പോയുമിരിക്കുന്നു. അതിലെ യാദാർഥ്യത്തെ ഉൾക്കൊള്ളാനായോ എന്നിപ്പോഴും നിശ്ചയമില്ല. ഉൾക്കൊള്ളാൻ ഞാൻ ശ്രമിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടാണല്ലോ അണപൊട്ടി വരുന്ന കോപത്തെ പരമാവധി അടക്കി നിർത്താൻ ഞാൻ ശ്രമിക്കുന്നത്. പ്രകോപനപരമായ മനുഷ്യരുടെ പെരുമാറ്റമാണ് എന്നെ ഇത്തരത്തിലുള്ള അവസ്ഥയിലെത്തിക്കുന്നതെന്നത് എടുത്തു പറയേണ്ട ഒന്നാണ്. മറ്റുള്ളവർക്കു നേരെ വാക്കുകളാകുന്ന ശരങ്ങളെയ്തു മുറിവേൽപ്പിക്കുമ്പോൾ എന്റെ ഉള്ളിൽ നിന്നു തന്നെ വേദന വരുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. ഇതെന്നെ ദുർബലയാക്കുന്നു. എനിക്കിഷ്ടം ആ ശരങ്ങളേൽപിച്ച മുറിവുകളിലെ വേദനകൊണ്ടു പുളയുന്ന മനുഷ്യമുഖങ്ങൾ കാണാനാണ്. ഒരു പക്ഷേ ഞാനൊരു വിഷാദ രോഗിയാണോ എന്ന് പോലും എനിക്ക് സംശയം തോന്നുന്നു. ഇതിനെ ന്യായീകരിക്കാൻ തക്കതായിരുന്നു അമ്മയുടെ ആ വാക്കുകൾ - "മനുഷ്യ മനസ്സ് കലുഷിതമാണ്". അതെ, എന്റെ മനസ്സും കലുഷിതമായിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു ശരസമാനമായ എന്റെ വാക്കുകൾ. അവ മറ്റുള്ളവരുടെ ഹൃദയത്തിലേൽപ്പിക്കുന്ന ഗുരുതരമായ മുറിവുകൾ എനിക്ക് കാണണമെന്നില്ല. എന്റെ മനസ്സ് കലുഷിതമാണ്.
പത്താം തരം മാത്രം വിദ്യാഭ്യാസമുള്ള അമ്മയ്ക്ക് ഇത്തരത്തിലുള്ള വാക്ചാതുര്യം എവിടെ നിന്നും കിട്ടിയെന്ന് ഞാൻ പലപ്പോഴും അദ്ഭുതത്തോടെയും അഭിമാനത്തോടെയും ചിന്തിക്കാറുണ്ട്.
കലുഷിതം - നല്ല മനോഹരമായ ഒരു മലയാള പദമായി തോന്നുന്നു. കലുഷിതമായി ഒരു സങ്കൽപം മാത്രമേ ഇന്നാളത്രയും എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. കടലാണത്. കലുഷിതമായ കടൽ. അതെ, കടലെപ്പോഴും കലുഷിതമാണ്. അടങ്ങിയിരിക്കാത്ത, അടക്കിയിരുത്താനാവാത്ത ഒന്നാണ് കടൽ. കടിഞ്ഞാണിടാനാവാത്തത്. മനസ്സിന്റെ കാര്യവും അങ്ങനെത്തന്നെ. അതിന് കടിഞ്ഞാണിടാനാവില്ല. അതെപ്പോഴും കലുഷിതമാണ്. ചിന്തകളാകുന്ന തിരകൾ വന്നും പോയുമിരിക്കുന്നു.
ഇത്രയും ചിന്തകൾ മനസ്സിലേക്കെത്തിച്ചതു തന്നെ ആ കവിതയാണ്. പ്രതിബിംബങ്ങളെന്ന തലക്കെട്ടു നൽകിയിരിക്കുന്ന ആ കവിത. ആ തലക്കെട്ട്, അതിങ്ങനെ വലുതാക്കി, കനപ്പിച്ച് എഴുതിയിരിക്കുന്നു. നീലമഷിപ്പേന കൊണ്ടുള്ളതാണാ എഴുത്ത്. പുസ്തകത്തിൻറെ നടുപ്പേജിലെ വലതുഭാഗത്താണത് ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ മറുപുറത്തും. കവിത അവസാനിക്കുന്നിടത്ത് കൊതിപ്പിക്കുന്ന ആകാരവടിവോടെ കവിയുടെ പേരും കുറിച്ചിട്ടിരിക്കുന്നു. കൂടെ 35 എന്ന നമ്പറും.
കവിതയിൽ ആദ്യം കണ്ണിലുടക്കിയ വാക്ക് ഏകാന്തത ആയിരുന്നു. കവിത വെറുതെ ഓടിച്ചു വായിച്ചു. പിന്നീടങ്ങോട്ട് ചിന്തകളുടെ വേലിയേറ്റമായിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്നത് ഏകാന്തത എന്ന പദമാണ്. കുളക്കരയിൽ പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം മനസ്സിലേക്കെത്തുന്നു. ഏകാന്തതയിലാണല്ലോ മനുഷ്യൻ തന്റെ തന്നെ പ്രതിബിംബത്തിലേക്ക് ആത്മാർഥമായി നോക്കുന്നത്. അവനവനെത്തന്നെ തിരിച്ചറിയുന്നത്. എന്തർഥവത്തായ തലക്കെട്ട് - പ്രതിബിംബങ്ങൾ.
ഏകാന്തത - ഒരു വല്ലാത്ത അവസ്ഥയാണത്. മനുഷ്യന്റെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും അവനെത്തന്നെ ഒരുക്കാനുതകുന്ന ഒന്ന്. ഒരുവനെ നല്ലവനാക്കാനും നീചനാക്കാനും പോന്ന ഒന്ന്. ആത്മാർഥമായ സ്വയം വിലയിരുത്തലിനുള്ള സമയം.
കവിതയിൽ ഇഷ്ടപ്പെട്ട ഒരു പ്രയോഗം - "പ്രതിബിംബങ്ങളുടെ കാരാഗൃഹം". എത്ര സുന്ദരമായ ഭാവന. വർണ്ണിക്കാനാവാത്ത ഒരു ആത്മനിർവൃതി നൽകുന്നു അത്.
കവിത ഇതായിരുന്നു:
കവിത ഇതായിരുന്നു:
തകർന്ന സ്വപ്നങ്ങൾ
എന്റെ മനസ്സിന്റെ സ്വൈരത
നഷ്ടപ്പെടുത്തുന്നു.
ആ ദുർബല നിമിഷത്തിലൂടെ
ഞാൻ ഏകാന്തതയിലെത്തുന്നു.
നിറങ്ങളണിഞ്ഞ സ്വപ്നത്തിൽ
ഞാൻ, എന്റെ
ഏകാന്തതയെ വാരിപുണരുന്നു
നോട്ടം വിവസ്ത്രയാക്കിയ, നിന്റെ
ശരീരത്തിലൂടെ
എന്റെ വിരലുകൾ പരതുമ്പോൾ
ഞാൻ ആത്മനിർവൃതിയിൽ
ലയിച്ചിരുന്നിട്ടില്ല.
വളഞ്ഞ നട്ടെല്ലുള്ള നിന്റെ വർഗ്ഗത്തെ
നിന്നിലൂടെ അവഹേളിക്കുന്ന
ആത്മസംതൃപ്തി, അത്
മാത്രമായിരുന്നെന്റെ ലക്ഷ്യം.
നഗരത്തിന്റെ മൂലയിലും
അഴുക്കുചാലുകളിലും
പുതിയ വേശ്യകൾ
പിറവി കൊള്ളുമ്പോൾ
എന്റെ മൃഗതുല്യതയിൽ
എനിക്ക് ഊറ്റം കൊള്ളാൻ
കഴിയാതെ വന്നിരുന്നു.
നിന്റെ പച്ചമാംസത്തിന്
വില പറഞ്ഞീടാൻ
എന്റെ
മരിക്കാത്ത മനസ്സാക്ഷി
മുതിരാറില്ലായിരുന്നു
ചിന്തയുടെ മൂർദ്ധന്യത്തിൽ
ഞാൻ, എന്റെ
പ്രതിബിംബങ്ങളുടെ
കാരാഗൃഹംമാത്രമാണ്കണ്ടെത്തിയിരുന്നത്.