Saturday, May 19, 2018

അസ്പഷ്ടൻ

ഉമ്മറത്തേക്കും പിന്നാമ്പ്രത്തേക്കുമുള്ള വാതിലുകൾ തുറന്നു കിടന്നു. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ തട്ടിൻപുറം. അല്ലെങ്കിലും പനന്തട്ടൊക്കെ ഇത്രയും കാലം നിന്നതു തന്നെ വലിയ കാര്യം. നിലച്ചിട്ടു കാലങ്ങളായ ഫാൻ. കറങ്ങിയിരുന്ന കാലത്തെ  അതിന്റെ ഞരക്കം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. മാറാല കയറി പൊടിപിടിച്ച് ഒരു മൂലയ്ക്ക് കിടക്കുന്ന പുസ്തകക്കൂമ്പാരം. ഇതെല്ലാം നോക്കിക്കൊണ്ട് നടക്കകത്ത് നടവഴിയിൽ പായും വിരിച്ചു ഞാൻ കിടന്നു.

വൈകീട്ട് ഊണിന് ആരൊക്കെയുണ്ടാവും?! ഉച്ചയുറക്കം ഒരു നാലുമണിക്കെങ്കിലും അവസാനിപ്പിച്ചാലേ രാത്രിയിലെ ഊണിനുള്ളതെല്ലാം ഒരുക്കാനാവൂ. ഇന്നു കൂട്ടുകറി വേണ്ട, പകരം ചേന വറുത്തതാവാം. ആർക്കെങ്കിലും ഇനിയത് പിടിക്കാതെ വര്വോ? അല്ലെങ്കിൽ രണ്ടും ആയിക്കോട്ടെ. ഒന്നിനും ഒരു കുറവും വേണ്ട.

നന്നായിരിക്കുന്നു മനോരാജ്യം!! 

മൺകൂജക്കടുത്തുള്ള പാക്കറ്റിലിനി 4 ബ്രെഡും കൂടി കാണുമായിരിക്കും. കൂടെക്കഴിക്കാൻ ഒരു പഴം വേണമായിരുന്നു. ഒരു പടല വാങ്ങിപ്പിച്ചേക്കാം. ആരെക്കൊണ്ടു വാങ്ങിപ്പിക്കാൻ!!

മെലിഞ്ഞു പോയിരിക്കുന്നു, ഒരുപാട്. കഴിക്കാനില്ലാഞ്ഞിട്ടല്ല. കഴിക്കാഞ്ഞിട്ടാണ്. വർഷങ്ങൾ നീളുന്നൊരു തപസ്സിലാണ് ഞാൻ. ഇംഗിതം നിറവേറും വരെ നീളുന്നൊരു കഠിന തപസ്സ്. മിക്കദിവസങ്ങളും ജലപാനം മാത്രം!!

പതുക്കെ എഴുന്നേറ്റ് ഇറയത്തേക്കു നടന്നു. ഒരു വലിയ കണ്ണാടി ചുമരിൽ തൂക്കിയിട്ടിരുന്ന. ഇനിയിതു മാത്രമേ വിലപിടിപ്പുള്ളതായി ഇ വീട്ടിൽ ബാക്കിയുള്ളു. ആഢ്യത്വത്തിന്റെ മറ്റടയാളങ്ങളെല്ലാം ദാനം ചെയ്തു കഴിഞ്ഞു, പലർക്കായി. ദാനം സ്വീകരിച്ചവരിൽ നിന്നും കിട്ടിയ ദക്ഷിണ വാങ്ങി പോക്കറ്റിലിട്ടു. കീറപ്പോക്കെറ്റിൽ നിന്നും അതൊക്കെ വീണുപോയതറിയാതെ നടന്നകന്നു പലപ്പോഴും. അതൊന്നും കാര്യമാക്കിയില്ല. താപസ്സനുഷ്ഠിക്കുന്നവനു അതിന്റെയൊക്കെ എന്താവശ്യം.

ഈ ദർപ്പണം ഇതാർക്കും കൊടുക്കാനാവില്ല. മറക്കാനാഗ്രഹിക്കാത്ത പലതും ഇതിനു കാണിക്കാനാകും. അതുപോലെ കാണണമെന്നാഗ്രഹിക്കുന്ന പലതും ഇതു കാണിച്ചുതരും.

ഞാൻ കാണുന്നു. മെലിഞ്ഞു എല്ലുന്തിയ കഴുത്തും കവിളുകളും, തേഞ്ഞതും പൊതി നിൽക്കുന്നതുമായ പല്ലുകൾ, കുഴിഞ്ഞ കണ്ണുകൾ, മുഴുവനും നരച്ചുപോയ മുടിയിഴകൾ, കരുവാളിച്ച മുഖം. പണ്ടെന്നോ വെളുത്തു സുന്ദരനായിരുന്ന എന്റെ കോലം കണ്ടു പരിചയക്കാർ വ്യസനിക്കുന്നു, ഞാൻ പെണ്ണു കെട്ടാത്തതിനവർ വ്യസനിക്കുന്നു, ഞാൻ പട്ടിണികിടക്കുന്നതിനും അവർ വ്യസനിക്കുന്നു. എനിക്കു പലപ്പോഴും മനസ്സിലാവുന്നില്ല. എന്തിനവരിങ്ങനെ എന്നെക്കുറിച്ചോർത്തു വ്യസനിച്ചു ജീവിക്കുന്നു?! അല്ലെങ്കിലും വരാൻ പോകുന്ന കാലത്തെക്കുറിച്ചറിയാൻ അവരുടെപക്കൽ ഇതുപോലൊരു ദർപ്പണമില്ലല്ലൊ.

ഞാൻ കാണുന്നു, വ്യക്തമായി, എല്ലാം.

ഈ ഘോര തപസ്സിന്റെ അന്ത്യത്തോടെ ഞാൻ പണ്ടത്തേതിൻ മടങ്ങ് സുന്ദരനാകും, ഈ ലോകത്തേക്കും വച്ച് എല്ലാറ്റിലും അഗ്രഗണ്യനായിത്തീരും, എന്റെ ചുറ്റിലും സമ്പത്തു കുമിഞ്ഞു കൂടും, എന്റെ പ്രിയപ്പെട്ടവരും എനിക്കു തുല്യമാം വിധം സന്തുഷ്ടരാവും, ഞാൻ ആക്കിയിരിക്കും. എനിക്ക് അമരത്വം പ്രാപ്തമാവും!! 

മുറ്റത്തെ മുരടിച്ച മാവ് വീണ്ടും തളിർക്കും, ഉണങ്ങിപ്പോയ രാമച്ചക്കൂട്ടം കിളിർക്കും, പിച്ചകവും, മുല്ലയും, പവിഴമല്ലിയും, ആറുമാസവും പിന്നെയും പൂക്കും. ചാമ്പയും നാടകവും പിന്നെയും കായ്ക്കും.
  
ഇതെല്ലം ആഗതമാവാറായിരിക്കുന്നു. ഇതേക്കുറിച്ചെല്ലാം അജ്ഞരായവർ വ്യസനിച്ചു ജീവിക്കുന്നു. ഇതെല്ലം ഞാനീ ദർപ്പണത്തിലൂടെ കാണുന്നു. തപസ്സിനു ശേഷമുള്ള സ്വർഗീയ ജീവിതം ഞാൻ കാണുന്നു. എന്റെ തപോഫലം കൊണ്ടു ഈ ഭൂമി, ഇതൊരു സ്വർഗ്ഗമാക്കി ഞാൻ മാറ്റും. എന്റെ വാക്കുകൾ, അതിനു മാറ്റമില്ല. ഞാൻ ഇവിടെയൊരു സ്വർഗ്ഗലോകമാക്കിത്തീർക്കും. എനിക്കതിനു കഴിയും. എനിക്കേ അതിനു കഴിയു.കാരണം ഞാൻ.. ഞാൻ.. ഞാൻ രാവണ പുത്രനാണ്. ഇഹലോകത്തിൽ ആർക്കുമറിയാത്ത സത്യം.

ലങ്കാപതി രാവണന് മനുഷ്യസ്ത്രീയായ സുകുമാരിയിലുണ്ടായ മനുഷ്യപുത്രൻ. നീചരെന്നു മുദ്രകുത്തപ്പെട്ട, രാക്ഷസവംശത്തിനു വേണ്ടി എന്നെന്നും നിലകൊണ്ട, രാക്ഷസരാജാവ് രാവണന്റെ പുത്രൻ, 'അസ്പഷ്ടൻ'.

പിതാവിനെപ്പോലെ ലോകം  കീഴടക്കാനല്ല ഞാൻ തപസ്സനുഷ്ഠിക്കുന്നത്. തപശ്ശക്തികൊണ്ട് ആരെയും, ഒന്നിനെയും കീഴടക്കാനും എനിക്കുദ്ദേശമില്ല. എനിക്ക് വേണ്ടതൊരു സ്വർഗ്ഗസമാന ലോകമാണ്. നന്മ മാത്രം വിളയാടുന്നൊരു ലോകം.

ഇന്നെന്റെ തപസ്സ് അതിന്റെ പാരമ്യതയിലെത്തും. ഇനിയങ്ങോട്ടെനിക്ക് ജലപാനം പോലുമില്ല.  എനിക്കുരുവിടാനും സ്മരിക്കാനും മന്ത്രങ്ങളില്ല. നീണ്ടു നിവർന്ന് കണ്ണുകളടച്ച് ഞാൻ കിടക്കും, പോകപ്പോകെ എന്റെ ശ്വാസം മന്ദഗതിയിലാകും. തപസ്സിന്റെ പാരമ്യതയിൽ എന്റെ ശ്വാസം നിലക്കുകയും ലോകമാകെ അന്ധകാരം വ്യാപിക്കുകയും ചെയ്യും. ഏതാനും നിമിഷങ്ങൾ... എന്റെ തപസ്സ് പൂര്ണതയിലെത്തുകയും ഞാൻ കണ്ണ് തുറക്കുകയും ചെയ്യും. ലോകത്താകമാനം ഒരു തേജസ്സു പരക്കുകയും ചെയ്യും. അവിടെ തുടങ്ങുകയായി പുതിയൊരു യുഗം.

No comments:

Post a Comment